English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 
നൂറ്റാണ്ടുകള്‍ക്കു മുമ്പ് കോട്ടയം ഉള്‍പ്പെട്ട വെണ്‍മലൈനാട് (വെമ്പലനാട്) കുലശേഖര ചക്രവര്‍ത്തിമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. എ.ഡി 800 - 1102 കാലഘട്ടത്തില്‍ നിലനിന്ന ചേര സാമ്രാജ്യത്തിന്റെ ഭാഗമായ നന്‍ട്രുഴൈനാട്ടിന് “മൂന്നൂറ്റുവര്‍ ” എന്ന പേരില്‍ ഒരു 300 അംഗ അസംബ്ലി ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്.ചേരസാമ്രാജ്യത്തിന്റെ സാമന്ത രാജ്യമായിരുന്ന കോട്ടയം 11-ാം നൂറ്റാണ്ടില്‍ പല കൊച്ചു രാജ്യങ്ങളായി ക്ഷയിക്കുകയും ഇതില്‍ കോട്ടയം ഉള്‍പ്പെടുന്ന പ്രദേശം മഞ്ചുനാട് എന്നറിയപ്പെടുകയും ചെയ്തു.14-ാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജാക്കന്മാര്‍ വെണ്‍മലൈനാട്ടില്‍ നിന്നും മഞ്ചുനാട് കീഴടക്കിയ ശേഷം, സുരക്ഷാകാരണങ്ങളാല്‍ തലസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്നും കോട്ടയത്തേക്കു മാറ്റിയിരുന്നു.കോട്ടയം ഉള്‍പ്പെട്ട പ്രദേശത്തിന്റെ അധിപനായിത്തീര്‍ന്ന തെക്കുംകൂര്‍ രാജാവിന്റെ തലസ്ഥാന നഗരി കോട്ടയ്ക്കകം എന്നാണറിയപ്പെട്ടത്.“കോട്ടയ്ക്കകം” ലോപിച്ചാണ് കോട്ടയം എന്ന നഗരനാമമുണ്ടായതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.തുടര്‍ന്ന് 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ കോട്ടയം ആക്രമിച്ചുകീഴടക്കി.പ്രാചീനകാലത്ത് പാലായിലും മറ്റും വിളഞ്ഞിരുന്ന കുരുമുളക് കോട്ടയത്തുണ്ടായിരുന്ന തുറമുഖം വഴി പാശ്ചാത്യരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.പ്രാചീനകാലത്ത് ഇവിടുത്തെ “കൊരായൂര” ഒരു തുറമുഖമായിരുന്നുവെന്ന് ഇവിടം സന്ദര്‍ശിച്ചതിന്റെ ഭാഗമായി “ടോളമി” എന്ന സഞ്ചാരി തന്റെ യാത്രാക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീസ്, റോം, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി അതിപ്രാചീന കാലം മുതല്‍ കോട്ടയത്തിന് വ്യാപാരബന്ധമുണ്ടായിരുന്നു.തേക്ക്, തടി, ചന്ദനം, ആനക്കൊമ്പ്, കുരുമുളക് എന്നിവ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിരവധി ക്രിസ്ത്യന്‍ പള്ളികളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്.1550-ലാണ് കോട്ടയം വലിയ പള്ളി സ്ഥാപിക്കപ്പെട്ടത്. വലിയ പള്ളിയിലെ പേര്‍ഷ്യന്‍ കുരിശ് ചരിത്രപ്രസിദ്ധമാണ്. 1580-ല്‍ ചെറിയപള്ളിയും,1830-ല്‍ സെമിനാരിയും സ്ഥാപിതമായി.തിരുനക്കര മഹാദേവ ക്ഷേത്രം,തളിക്കോട്ട ക്ഷേത്രം എന്നിവ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയങ്ങളാണ്. 1813-ഓടെ ക്രൈസ്തവ സെമിനാരികള്‍ സ്ഥാപിച്ച ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ് ഇന്നത്തെ സി.എം.എസ് കോളേജ്. 1821-ല്‍ ആദ്യത്തെ ഗ്രാമര്‍ സ്ക്കൂള്‍ ഇവിടെ ആരംഭിച്ചു.1882-ലാണ് കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപിതമായത്. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോടനുബന്ധിച്ച്,1929 ഡിസംബര്‍ 31-ന് ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം നടത്തിയ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുകയും നിരവധി കേന്ദ്രങ്ങളില്‍ ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിറ്റ് നാരായണ ദേവ്, ഈ നാട് ജന്മം നല്‍കിയ മഹത് വ്യക്തിയാണ്.1936-ല്‍ മഹാത്മാഗാന്ധി കോട്ടയത്തെ തിരുനക്കര മൈതാനത്ത് നായര്‍ സമാജം സ്ക്കൂളില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചത് ഈ നാട്ടിലെ സ്വാതന്ത്ര്യപ്രേമികളില്‍ സമരാവേശം വളര്‍ത്തിയ സംഭവമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സ്വദേശാഭിമാനി ടി.കെ.മാധവന്റെ ഒപ്പം മഹാത്മാഗാന്ധി പലതവണ ഇവിടം സന്ദര്‍ശിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിനു പിന്തുണ നല്‍കികൊണ്ട് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ കോട്ടയം നഗരത്തില്‍ നടന്നു. ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള തിരുവിതാംകൂറിലെ ആദ്യസമരമായിരുന്നു മലയാളി മെമ്മോറിയല്‍ ബഹുജന പ്രക്ഷോഭണം. തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയുള്ള നിവര്‍ത്തന പ്രക്ഷോഭം, ഇതിനോടനുബന്ധിച്ച് 1933-ല്‍ രൂപീകരിച്ച തിരുവിതാംകൂറ് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ജനകീയ പ്രക്ഷോഭങ്ങള്‍, സര്‍ സി.പി.രാമസ്വാമിയുടെ കിരാത വാഴ്ചക്കെതിരെ നടന്ന സമരങ്ങള്‍ എന്നിവയ്ക്കെല്ലാം കോട്ടയത്തിന്റെ മണ്ണ് തട്ടകമൊരുക്കി. ട്രേഡ് യൂണിയനുകളായ ബീഡിത്തൊഴിലാളി യൂണിയന്‍, മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂണിയന്‍ തുടങ്ങിയവ കോട്ടയത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.1870-കളില്‍ തിരുവിതാംകൂറില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. പുനലൂര്‍ തൂക്കുപാലത്തിന്റെ നിര്‍മ്മാണം, വര്‍ക്കല ഭൂഗര്‍ഭ ജലപാതയുടെ നിര്‍മ്മാണം മുതലായവ അത്തരം പ്രമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു.1877-ല്‍ പൂര്‍ത്തിയാക്കിയ കോട്ടയം-ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മ്മാണവും 1875-78 ലെ കോട്ടയം-ആലുവ റോഡ് (ഇന്നത്തെ എം.സി റോഡിന്റെ ഒരു ഭാഗം), കോട്ടയം-കുമിളി റോഡ് എന്നിവയും, 1956-ല്‍ നിലവില്‍ വന്ന കോട്ടയം തീവണ്ടിപ്പാതയും ഇവിടുത്തെ ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്തുനിന്നാണ് കേരളത്തിലെ പ്രമുഖ പത്രങ്ങളും, വാരികകളും, മാസികകളുമെല്ലാം പ്രസിദ്ധീകരിക്കുന്നത്.ഇന്ത്യയിലാദ്യമായി നൂറു ശതമാനം സാക്ഷരത കൈവരിച്ച നഗരമെന്ന ഖ്യാതിയും കോട്ടയത്തിനാണ്. കുമരകം അന്താരാഷ്ട്ര പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്.മീനച്ചിലാര്‍, കൊടൂരാര്‍, വേമ്പനാട്ടുകായല്‍ എന്നീ ജലാശയങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നവയാണ്.